*ദമ്പതിധ്യാനം - ഒരു അവലോകനം*
പർവ്വതനിരയുടെ പനിനീരായ പെരിയാറിന്റെ തീരത്തുള്ള ജീവാലയോദ്യാനത്തിൽ രണ്ടുവർഷങ്ങൾക്കുമുൻപ് ദൈവം നട്ട ഒരു ചെറുചെടിയാണ് ഞങ്ങളുടെ കുടുംബം. തിരുവിവാഹത്തിന്റെ വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട ഞങ്ങളെ ജീവാലയ വിവാഹഒരുക്കപഠനത്തിലൂടെ തിരുവിവാഹതത്വങ്ങൾ നൽകിയൊരുക്കി. ആറു മാസങ്ങൾക്കുശേഷം തേനൂറുന്ന മധുവിധുമാധുര്യത്തോടെയണഞ്ഞ ഞങ്ങൾക്ക് വരാനിരിക്കുന്ന കയ്പുള്ള കാലഘട്ടങ്ങളെ അതിജീവിക്കാൻ തക്കതായ ശക്തമായ അടിത്തറ പാകി. മധുവിധുഘട്ടത്തിന്റെ മധുരിമയിൽനിന്ന് ജീവിതയാഥാർത്ഥ്യങ്ങളുടെ കയ്പു നുണഞ്ഞ് ചെറുപിണക്കങ്ങളിൽ തട്ടിത്തടഞ്ഞൊഴുകിയ ഞങ്ങൾ വീണ്ടുമെത്തി - വൃശ്ചികക്കുളിരു കൊണ്ടു കുണുങ്ങിയൊഴുകുന്ന ആ സുന്ദരനദിയുടെ തീരത്തേക്ക്, ജീവന്റെ പച്ച പുതച്ച ഞങ്ങളുടെ ജീവാലയത്തിലേക്ക് - 2016 ഡിസംബർ എട്ടാം തീയതി ദമ്പതിധ്യാനത്തിനായി.............
ജീവിതവ്യാപാരങ്ങളുടെ കുത്തൊഴുക്കിൽ ജീവിക്കാൻ മറന്നുപോകുമ്പോൾ ഞങ്ങളുടെ ആത്മാക്കളെ ഉദ്ദീപിപ്പിക്കുന്ന സർവ്വശക്തന് അളവറ്റ നന്ദി !
ഡിസംബർ എട്ടു മുതൽ പതിനൊന്നുവരെ നടന്ന ദമ്പതിധ്യാനത്തിൽ ഞങ്ങൾ പങ്കെടുക്കാൻ കാരണമായത് തിരുവിവാഹത്തിൽ കൂട്ടായ ഞങ്ങളുടെ ഈശോയുടെ കരുതലാണ്.
നിലവിലുള്ള ധ്യാനരീതികളിൽനിന്ന് വ്യത്യസ്തമായി, മന:ശാസ്ത്രവും ആത്മീയതയും സംയോജിപ്പിച്ചുകൊണ്ടുള്ള പ്രായോഗികരീതിയാണ് ജീവാലയ അവലംബിക്കുന്നത്. ആദ്യം സ്വായത്തമാക്കി പിന്നീട് മറവിയിൽ മുങ്ങിയ തിരുവിവാഹതത്വങ്ങളുടെ പുനരഭ്യസനം ഈ ദമ്പതിധ്യാനത്തിലൂടെ സാധ്യമായി. ഞങ്ങളിലെ വ്യത്യസ്ത സ്വഭാവങ്ങളുടെ മൂലകാരണം മനസ്സിലാക്കി, സ്വന്തം വ്യക്തിത്വത്തെയും പങ്കാളിയുടെ വ്യക്തിത്വത്തെയും അപഗ്രഥിച്ച് ആഴത്തിൽ പഠിക്കാനുള്ള ഒരു അവസരമായിരുന്നു അത്.
ദമ്പതികൾ എപ്രകാരം പരസ്പര പൂരകങ്ങളായി വർത്തിക്കണമെന്ന് സ്വന്തം ജീവിതാനുഭവങ്ങൾ തന്നെ ഉദാഹരണങ്ങളായി പങ്കുവച്ച് നടത്തുന്ന ക്ലാസുകളും ചർച്ചകളും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. പങ്കാളിയുടെ വൈകാരികാവശ്യങ്ങൾ ഗ്രഹിച്ച് നിറവേറ്റേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളാൻ കഴിഞ്ഞു. പങ്കാളിയിൽ മാറ്റം വേണമെന്ന ചിന്തയോടെ ധ്യാനത്തിലേക്ക് കടന്നുവന്ന ഞങ്ങൾക്ക് സ്വയമാണ് മാറ്റമുണ്ടാകേണ്ടതെന്നുള്ള ഉൾക്കാഴ്ച ലഭിച്ചു. പൂർണ്ണരാകാനുള്ള പരിശ്രമങ്ങളിൽ ഞങ്ങളുടെയിടയിൽ ഉടലെടുക്കുന്ന ശൂന്യത ദൈവത്തിന്റെ കരം പ്രവർത്തിക്കാനുള്ളതാണെന്നുള്ള ഉറച്ച ബോധ്യവും സിദ്ധിച്ചു.
പങ്കാളികൾ തമ്മിൽ വ്യക്തിപരമായ ഇടവും (Space) പൊതുവായ ഇടവും (Common Space) ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സർവ്വോപരിയായി ദൈവത്തോടുചേർന്ന് കുടുംബാംഗങ്ങളുടെ ആത്മാവിനെ ഉണർത്താനുതകുന്ന ലളിതമായ രീതികളെപ്പറ്റിയും അവബോധമേകിയ ദമ്പതിധ്യാനം വ്യത്യസ്തതകളെ ആഘോഷമാക്കി മാറ്റാനുള്ള ആഹ്വാനമാണ് നൽകിയത്.
ചുരുക്കത്തിൽ, ഈ ദമ്പതിധ്യാനം ഞങ്ങളുടെ കുടുംബ ജീവിതത്തിൽ ഒരു പുത്തനുണർവ്വ് സമ്മാനിച്ചു. ദാമ്പത്യ ജീവിത വിചിന്തനം, വിവാഹതത്വനവീകരണം, വിവാഹവിജയമന്ത്രങ്ങളുടെ പഠനം, ദമ്പതികൾക്കിടയിലുള്ള ഫലപ്രദമായ ആശയവിനിമയപരിശീലനം, ദമ്പതി കൗൺസലിംഗ്, ദാമ്പത്യപോഷണ ആത്മീയ ശുശ്രൂഷ, പ്രതിഭാധനരായ വ്യക്തികൾ പകർന്ന അനുഭവാധിഷ്ഠിതപഠനങ്ങൾ, ജീവാലയയുടെ പ്രകൃതി രമണീയമായ അന്തരീക്ഷം, സൗഹൃദപരമായ സമീപനം, സമയനിഷ്ഠ പാലിച്ചുള്ള പരിപാടികൾ....... എല്ലാം മധുരിക്കുന്ന ഓർമ്മകളായി ഞങ്ങൾ മനസ്സിൽ കോറിയിട്ടു.
പ്രഥമവിശുദ്ധദമ്പതികളായ വി. ലൂയി - സെലി ദമ്പതികളുടെ മാതൃക അനുകരിച്ച് കുടുംബസ്നേഹത്തിന്റെ ആത്മീയാനന്ദം നുകരാൻ തങ്ങളുടെ നിരന്തരപരിശ്രമങ്ങളിലൂടെയും പ്രാർത്ഥനകളിലൂടെയും ഞങ്ങളെ സഹായിക്കുന്ന ജീവാലയയിലെ എല്ലാ ശുശ്രൂഷകർക്കും ഹൃദയത്തിന്റെ ഭാഷയിൽ ഞങ്ങൾ കൃതജ്ഞത പ്രകാശിപ്പിക്കുന്നു. ഇനിയും അനേകം കുടുംബങ്ങൾക്ക് നിത്യതയുടെ തീരമണയാനുള്ള രക്ഷയുടെ സ്നേഹസന്ദേശം നൽകുവാൻ സർവ്വേശ്വരൻ അവരെ ശക്തരാക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
സ്നേഹത്തിൻ ആനന്ദം പകരും ജീവാലയാരാമമേ,
നീ ഞങ്ങളുടെ അനുഗ്രഹമാണ് !!
ജെൻസൺ & ലിഡിയ
Jenson Jacob & Lydia Jenson, Pellissery House, Aluva-9746155017